സംസ്ഥാനത്ത് അറിഞ്ഞും അറിയാതെയുമൊക്കെ ഗതാഗത നിയമലംഘനം (Traffic Violation) നടത്തുന്ന ഡ്രൈവര്‍മാരും യാത്രികരുമൊക്കെ ഇനിമുതല്‍ അല്‍പ്പമൊന്ന് കരുതിയിരിക്കുന്നത് നല്ലതായിരിക്കും.
കാരണം എല്ലാം കാണാന്‍ മുകളില്‍ ഒരാളല്ല, നിരവധി പേരുണ്ട്. ഇനിയും ഒരുപാടുപേര്‍ വരുന്നുമുണ്ട്! സംസ്ഥാനത്തെ റോഡുകളുടെ മുക്കിലും മൂലയിലുമൊക്കെ വരാനിരിക്കുന്ന അത്യാധുനിക ക്യാമറക്കണ്ണുകളെക്കുറിച്ചാണ് (Artificial Intelligence Camera) പറഞ്ഞുവരുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്‍റെ (Keltron) അണിയറയില്‍ ഒരുങ്ങുന്നത് ഒന്നുംരണ്ടുമല്ല 235കോടി രൂപയുടെ ആത്യാധുനിക ട്രാഫിക്ക് ക്യാമറകളാണ്. ഇതില്‍ 100 ക്യാമറകള്‍ കഴിഞ്ഞദിവസം സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞു. ഇനിമുതല്‍ പൊലീസിനെയും എംവിഡിയെയും വെട്ടിച്ചാലും മുകളിലുള്ള ഈ സംവിധാനത്തെ കബളിപ്പിക്കാന്‍ അല്‍പം ബുദ്ധിമുട്ടും. കാരണം എന്തെന്നല്ലേ? ഇതാ അറിയേണ്ടതെല്ലാം.
💠നിര്‍മ്മിത ബുദ്ധി
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനത്തിലാണ് ഈ ക്യാമറകളുടെ പ്രവര്‍ത്തനം. ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നിര്‍മ്മിത ബുദ്ധിയിലൂടെയാണ് കണ്ടെത്തുന്നത്. വ്യക്തമായ ചിത്രങ്ങളോടെയായിരിക്കും നിയമ ലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുക. നിയമലംഘനങ്ങള്‍ കണ്ടെത്തിയാലുടന്‍ ചിത്രസഹിതം സന്ദേശം കണ്‍ട്രോള്‍ റൂമുകളില്‍ എത്തും. വൈകാതെ തന്നെ വാഹന ഉടമകള്‍ക്ക് നിയമ ലംഘന നോട്ടീസുകള്‍ നല്‍കുകയും ചെയ്യും.
💠നിയമലംഘനങ്ങള്‍ വേര്‍തിരിച്ചറിയും
വിവിധ തരം ട്രാഫിക് നിയമലംഘനങ്ങള്‍ ഈ ക്യാമറകള്‍ക്ക് വേര്‍തിരിച്ചു കണ്ടെത്താനും സാധിക്കും. അതായത് ഹെല്‍മറ്റ് ധരിക്കാത്തവരുടെ മാത്രം വിവരങ്ങളാണു ശേഖരിക്കുന്നതെങ്കില്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ അവ മാത്രം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരാണെങ്കില്‍ അതും വേര്‍തിരിച്ചറിയാം.
💠ആ പരിപ്പിനി വേകില്ല
ഹെല്‍മറ്റിനു പകരം സമാനരീതിയിലുള്ള തൊപ്പിയും തലക്കെട്ടുമൊക്കെ ധരിച്ചാലും പുത്തന്‍ ക്യാമറ കണ്ടുപിടിച്ചിരിക്കും. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അമിതവേഗം, അപകടകരമായ ഡ്രൈവിംഗ്, കൃത്യമായ നമ്ബര്‍പ്ലേറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു വാഹനമോടിക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരെ വച്ച് ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളാകും ആദ്യഘട്ടത്തില്‍ കണ്ടെത്തുക. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താനും ഈ നിര്‍മിതബുദ്ധി ക്യാമറകള്‍ക്കു സാധിക്കും.
💠എല്ലാം ഒപ്പിച്ച് മുങ്ങാനാകില്ല
അതീവ സുരക്ഷാ നമ്ബര്‍ പ്ലേറ്റുകള്‍ വ്യാപകമായതോടെ ഇത്തരം ക്യാമറകള്‍ക്കു വാഹനങ്ങളെയും ഉടമകളെയും തിരിച്ചറിയാനും എളുപ്പമാണ്. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും ഇത്തരം ക്യാമറകള്‍ സഹായകരമാകും.
💠സോളാര്‍ പവര
സൗരോര്‍ജ്ജത്തിലാണ് ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുക. ക്യാമറയുള്ള പോസ്റ്റില്‍ തന്നെ സോളാര്‍ പാനലുമുണ്ടാകും. ട്രാഫിക് സിഗ്നലുകള്‍, എല്‍ഇഡി സൈന്‍ ബോര്‍ഡുകള്‍, ടൈമറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് നിരീക്ഷണ ക്യാമറകള്‍. വയര്‍ലെസ് ക്യാമറകളായതിനാല്‍ ഇടയ്ക്കിടെ എടുത്തുമാറ്റാനും സാധിക്കും.
💠നിര്‍മ്മാണം പുരോഗമിക്കുന്നു
ഗതാഗത നിയമലംഘനം തടയല്‍ പദ്ധതികളില്‍ അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സേഫ് കേരളാ പദ്ധതിക്കുവേണ്ടി 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങളാണ് കെല്‍ട്രോണ്‍ സജ്ജമാക്കുന്നത്. ഇതില്‍ 700 ക്യാമറകളുടെ നിര്‍മ്മാണം ഇപ്പോള്‍ കെല്‍ട്രോണില്‍ നടന്നുകൊണ്ടിരിക്കുന്നു.നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന 100 കാമറകളും സിഗ്നല്‍ ലംഘനം കണ്ടുപിടിക്കുന്ന 18 ക്യാമറകളും വേഗപരിധി ലംഘനം കണ്ടു പിടിക്കുന്ന നാലു ക്യാമറകളും ആണ് കഴിഞ്ഞ ദിവസം സര്‍ക്കാരിന് ആദ്യഘട്ടമായി കൈമാറിയത്. ഈ ക്യാമറകള്‍ അഞ്ച് വര്‍ഷത്തെ ഗ്യാരന്റിയിലാണ് നല്‍കുന്നത്.
നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്യാമറകളും അതിന്റെ ഫീല്‍ഡ് യൂണിറ്റുകളുടെ അസംബ്ലിങ്ങും ഗുണപരിശോധനയും ഉറപ്പാക്കിയാണ് നൂറെണ്ണം മോട്ടോര്‍ വാഹനവകുപ്പിനു കൈമാറിയത്.
💠ഫണ്ട്
കേരളത്തിലെ റോഡപകടങ്ങള്‍ കുറക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ കെല്‍ട്രോണിനോട് കാമറകള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത്. സേഫ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഫണ്ട് കണ്ടെത്തിയത്. 700 എ വണ്‍ ക്യാമറ, സ്പീഡ് വയലേഷന്‍ ഡിറ്റക്‌ഷന്‍ ക്യാമറകള്‍, റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്‌ഷന്‍ ക്യാമറകള്‍, മൊബൈല്‍ സ്പീഡ് എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ എന്നിവ ബിഒടി പദ്ധതി അടിസ്ഥാനത്തിലാണ് കെല്‍ട്രോണ്‍ നടപ്പാക്കുന്നത്.
ക്യാമറകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ തിരുവനന്തപുരത്ത് ട്രാന്‍സ്പോര്‍ട്ട് ഭവനിലെ കെട്ടിടത്തില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും എറണാകുളം, കോഴിക്കോട് ഒഴികെയുള്ള 12 ജില്ലകളില്‍ ജില്ലാ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കുറ്റമറ്റ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി എല്ലാ സാങ്കേതിക സംവിധാനങ്ങളുമൊരുക്കി അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനച്ചുമതല പൂര്‍ണമായും കെല്‍ട്രോണിനാണ്. ആസംബ്ലിങ്ങും ടെസ്റ്റിങ്ങും കെല്‍ട്രോണ്‍ മണ്‍വിള യൂണിറ്റ് നടത്തും.
إرسال تعليق