കുതിച്ചുയർന്ന് Tata Nexon എസ്‌യുവിയുടെ വിൽപ്പന, കണ്ണുതള്ളി എതിരാളികൾ made record breaking booking and sale

  വളരെക്കാലമായി ഇന്ത്യൻ വാഹന പ്രേമികളുടെ മനംകവരുന്ന സെഗ്മെന്റാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവികളുടേത്. താങ്ങാനാവുന്ന വിലയും മികച്ച പ്രായോഗികതയുമാണ് ഇവരെ ഇത്രയും ജനപ്രിയമാക്കിയത്. അതിനാൽ തന്നെ എല്ലാ പ്രമുഖ ബ്രാൻഡുകളും ഈ വിഭാഗത്തിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്.



കടുത്ത മത്സരം തന്നെ നടക്കുന്ന കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഏവരുടേയും പ്രിയ മോഡലാണ് ടാറ്റ നെക്സോൺ. നിരവധി കാരണങ്ങളാൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്.



For Tata Nexon Online Booking Click here

ടാറ്റ മോട്ടോർസ് ബ്രാൻഡിംഗും 2017-ന്റെ അവസാനത്തിൽ ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റ് റേറ്റിംഗിൽ 5-സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയതോടെ താരതിളക്കം കൂടി. പ്രതിസന്ധികാലങ്ങളിലെ വില്‍പ്പനയില്‍ പോലും ബ്രാന്‍ഡിനായി മികച്ച വില്‍പ്പന സമ്മാനിച്ചൊരു മോഡല്‍ കൂടിയായിരുന്നു നെക്‌സോണ്‍ എന്ന വസ്‌തുതയും എടുത്ത് പറയേണ്ടതാണ്.



ആദ്യ കാലത്ത് മന്ദഗതിയിലാണ് നെക്സോണിന്റെ വിൽപ്പന പോയതെങ്കിൽ 2020-ന്റെ തുടക്കത്തിൽ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എത്തിയതോടെ എസ്‌യുവിയുടെ വിൽപ്പന കുതിച്ചുയർന്നു എന്നുവേണം പറയാൻ. ഇതോടൊപ്പം രാജ്യത്തെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളെന്ന പദവിയും ടാറ്റ മോട്ടോർസിനെ തേടിയെത്തി.



നെക്‌സോൺ, ആൾട്രോസ്, ടിയാഗോ എന്നിവയാണ് ടാറ്റയെ വളർത്തിയെടുക്കാൻ ഏറ്റവും കൂടുതൽ സഹായിച്ചത്. 2021 സെപ്റ്റംബർ മാസത്തിൽ നെക്സോൺ എസ്‌യുവി 9,211 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്‌ട് എസ്‌യുവിയായി മാറി.



2020-ൽ ഇതേ കാലയളവിൽ വിറ്റ 6,007 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 53.3 ശതമാനത്തിന്റെ വളർച്ചയാണ് കമ്പനി നേടിയെടുത്തത്. 2021 ജൂലൈയില്‍ 10,287 യൂണിറ്റുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.



മാത്രമല്ല രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാലാമത്തെ കാറും ടാറ്റ മോട്ടോർസിന്റെ ഈ കോംപാക്‌ട് എസ്‌യുവിയാണ്. ഇതുവരെ നേടിയതിൽവെച്ചുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ വിൽപ്പന കൂടിയാണിത്. എതിരാളികളായ ഹ്യുണ്ടായി വെന്യുവിനേയും മറികടക്കാൻ നെക്‌സോണിന് സാധിച്ചിട്ടുണ്ട്.



അവ തമ്മിലുള്ള അന്തരം 1,287 യൂണിറ്റാണ്. അതായത് കുറേ മാസങ്ങളായി സബ്-4 മീറ്റർ ശ്രേണി ഭരിച്ചിരുന്ന വെന്യുവിനെ ഏറെ വ്യത്യാസത്തിൽ മറികടന്ന് ഒന്നാംസ്ഥാനമാണ് നെക്സോൺ വെട്ടിപിടിച്ചതെന്ന് സാരം. മികച്ച നിർമാണ നിലവാരത്തിനൊപ്പം 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റിവോട്രോൺ ടർബോ പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ റിവോട്ടോർക് ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ കൂടി ചേരുന്നതോടെ വാഹനം അതികേമനാവുകയാണ്



കോംപാക്‌ട് എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പരമാവധി 120 bhp കരുത്തിൽ 170 Nm torque സൃഷ്‌ടിക്കാൻ പ്രാപ്‌തമാണ്. അതേസമയം ഡീസൽ വേരിയന്റിന് 110 bhp പവറിൽ 260 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് എഎംടി ഉപയോഗിച്ച് തെരഞ്ഞെടുക്കാനാവും.



ഇതോടൊപ്പം ഒരു ഇലക്‌ട്രിക് മോഡലും നെക്സോൺ ശ്രേണിയിലുണ്ട്. ശരിക്കും രാജ്യത്തെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ ഇലക്ട്രിക് വാഹനമായ നെക്സോണ്‍ ഇവിയുടെ ഡിമാന്റ് ഡീസല്‍ നെക്സോൺ പതിപ്പിനേക്കാൾ കൂടുതലാണെന്നും കമ്പനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.



7.29 ലക്ഷം രൂപ മുതൽ 13.23 ലക്ഷം രൂപ വരെയാണ് കമ്പഷൻ എഞ്ചിൻ മോഡലുകളുടെ ഇന്ത്യയിലെ എക്‌സ്ഷോറൂം വില. XE, XM, XMA, XT, XZ, XZ പ്ലസ്, XZA, XZA പ്ലസ് എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലും ടാറ്റയുടെ ഈ സബ്-4 മീറ്റർ എസ്‌യുവി സ്വന്തമാക്കാം.



നെക്‌സോണിന്റെ ഡാർക്ക് എഡിഷൻ പതിപ്പ് അടുത്തിടെ അവതരിപ്പിക്കുകയും ഉപഭോക്താക്കൾക്ക് പുതിയ വകഭേദങ്ങളിലും സവിശേഷതകളിലും താൽപ്പര്യം നിലനിർത്താൻ കമ്പനി വാഹനത്തെ പതിവായി പരിഷ്ക്കരിക്കാറുമുണ്ട്. ടാറ്റ മോട്ടോർസിന്റെ ന്യൂ ഫോർ എവർ എന്ന ഉൽപ്പന്ന തന്ത്രത്തിന്റെ ഭാഗമാണ് ഈ നടപടികളെല്ലാം.



മികച്ച നിർമാണ നിലവാരം, മികച്ച എഞ്ചിൻ എന്നിവയ്ക്കെല്ലാം പുറമെ ആധുനിക ഫീച്ചറുകളാലും സമ്പന്നമാണ് ടാറ്റ നെക്സോൺ. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ടുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, മൗണ്ട് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവ വാഹനത്തിന്റെ അകത്തളത്തെ ഏറെ വ്യത്യസ്‌തമാക്കുന്നുണ്ട്.



ഫോളിയേജ് ഗ്രീൻ, ഫ്ലെയിം റെഡ്, പ്യുവൽ സിൽവർ, ഡേറ്റോണ ഗ്രേ, കാൽഗറി വൈറ്റ്, അറ്റ്ലസ് ബ്ലാക്ക് എന്നീ ആറ് കളർ ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാം. ഇന്ത്യയിൽ ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, മഹീന്ദ്ര XUV700, ടൊയോട്ട അർബൻ ക്രൂയിസർ എന്നിവയാണ് കോംപാക്‌ട് എസ്‌യുവി നിരയിൽ ടാറ്റ നെക്സോണിന്റെ പ്രധാന എതിരാളികൾ.


Post a Comment

أحدث أقدم
close
Join WhatsApp Group