സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിക്ക് സഹായകരമാവുന്ന ആക്സസറികളിൽ ലെൻസ്, ട്രൈപോഡ്, ലൈറ്റുകൾ തുടങ്ങിയ നിരവധി പ്രൊഡക്ടുകൾ ഉണ്ട്. ഇവയെല്ലാം ഇന്ന് വളരെ എളുപ്പത്തിൽ ഓൺലൈനിലൂടെ വാങ്ങാവുന്നതുമാണ്. ഏത് തരം ഫോട്ടോഗ്രാഫിയാണ് നിങ്ങൾക്ക് താല്പര്യം എന്നതിന് അനുസരിച്ച് സ്വന്തമാക്കാവുന്ന ആക്സസറികളാണ് ഇവ. മൊബൈൽ ഫോട്ടോഗ്രാഫർമാർക്ക് ഏറെ ഉപകാരപ്പെടുന്ന പത്ത് മികച്ച ആക്സസറികൾ പരിചയപ്പെടാം.
1. ട്രൈപോഡ്
സ്മാർട്ട്ഫോണിൽ ഫോട്ടോ എടുത്ത് തുടങ്ങുന്ന ആളുകൾ ആദ്യം സ്വന്തമാക്കേണ്ട ഫോട്ടോഗ്രാഫി ആക്സസറികളിൽ ഒന്നാണ് ട്രൈപോഡ്. അധികം പണച്ചിലവില്ലാതെ തന്നെ നിങ്ങൾക്ക് ട്രൈപോഡ് സ്വന്തമാക്കാം. ചെലവ് കുറഞ്ഞതാണ് എങ്കിലും ഇവ ഷൂട്ടിങ് സമയത്ത് ധാരാളം ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ലോങ് എക്സ്പോഷർ ഫോട്ടോഗ്രാഫിക്ക് ട്രൈപോഡ് അത്യാവശ്യമാണ്. ഷട്ടർ സ്പീഡ് കുറച്ച് ഐഎസ്ഒ വർദ്ധിപ്പിക്കാതെ ലൈറ്റ് ട്രയലുകൾ ഉണ്ടാക്കാൻ ഇത് സഹായിക്കും. വീഡിയോ എടുക്കാും ടൈം ലാപ്സ് എടുക്കാനും ഇത് ഏറെ സഹായകരമായിരിക്കും.
2. മൈക്രോ ഫൈബർ ക്ലീനിങ് തുണി
വിലകുറഞ്ഞതും ഏറെ ഉപയോഗപ്രദവുമായ സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫി ആക്സസറിയാണ് മൈക്രോഫൈബർ ക്ലീനിങ് തുണി. ക്യാമറ ഗ്ലാസ് ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളുടെ ഭാഗങ്ങളിൽ എണ്ണമയവും പൊടിയുമെല്ലാം ഉണ്ടായിരിക്കും. ഇവ വൃത്തിയാക്കാൻ ഈ തുണി മികച്ചതാണ്. എണ്ണമയം ഉണ്ടെങ്കിൽ ഫോട്ടോയുടെ ക്ലാരിറ്റിയെ അത് സാരമായി ബാധിക്കുന്നു. മൈക്രോ ഫൈബർ ക്ലീനിംഗ് തുണി ഉപയോഗിച്ച് ലെൻസ് ഗ്ലാസ് വൃത്തിയായി സൂക്ഷിച്ചാൽ മികച്ച ഫോട്ടോകൾ എടുക്കാം. ഷർട്ടിലും മറ്റും തുടയ്ക്കുന്നത് അത്ര നല്ല ശീലമല്ല.
3. റിമോട്ട് ഷട്ടർ കൺട്രോൾ
സ്മാർട്ട്‌ഫോണിന്റെ പിൻ ക്യാമറ മുൻവശത്തേതിനേക്കാൾ മികച്ചതാണ്. റിയർ ക്യാമറയിൽ സെൽഫി എടുക്കാനോ നിങ്ങൾ അടക്കമുള്ള ഗ്രൂപ്പ് ഫോട്ടോ എടുക്കാനോ നമ്മൾ സാധാരണ ടൈമർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് പലപ്പോഴും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം ഫോട്ടോകൾ എടുക്കുന്നത് കൂടുതൽ എളുപ്പമാക്കാൻ റിമോട്ട് ഷട്ടർ കൺട്രോൾ സ്വന്തമാക്കാം. ബ്ലൂടൂത്ത് വഴി പ്രവർത്തിക്കുന്ന ഇവ ദൂരെ നിന്ന് ഷട്ടർ ട്രിഗർ ചെയ്യാൻ സഹായിക്കുന്നു.
4. സ്മാർട്ട്ഫോൺ ലെൻസുകൾ
നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ബിൽറ്റ്-ഇൻ ലെൻസുകൾ പരിമിതമായ റിസൾട്ട് മാത്രം നൽകുന്നവയാണ്. ഇത്തരം അവസരങ്ങളിലാണ് ക്ലിപ്പ്-ഓൺ ലെൻസുകൾ ഉപയോഗപ്രദമാകുന്നത്. ഈ ആക്സസറികൾക്ക് ഉയർന്ന ഫോക്കൽ ലെങ്ത്ത്, സൂം, മാക്രോ ഫോക്കസിംഗ് ഡിസ്റ്റൻസ്, ഫിഷ് ഐ ഇഫക്റ്റുകൾ, വൈഡ് ആംഗിൾ വ്യൂസ് എന്നിവ നൽകാൻ കഴിയും. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഫോട്ടോകൾ എടുക്കാൻ ഈ ലെൻസുകൾ സഹായിക്കും.
5. ഫോൺ എൽഇഡി പാനൽ
ഫോട്ടോഗ്രാഫിയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ലൈറ്റ്. ലൈറ്റ് കുറഞ്ഞ അവസ്ഥകളിൽ ഫോൺ എൽഇഡി പാനലുകൾ ഉപയോഗിച്ച് നിങ്ങൾക്ക് മികച്ച ഫോട്ടോകൾ എടുക്കാൻ സാധിക്കും. എൽഇഡി പാനലുകൾ ചെറുതും വില കുറഞ്ഞതുമാണ്. റീചാർജബിൾ ബാറ്ററിയുള്ള മികച്ച ഫോൺ എൽഇഡി പാനലുകൾ ഇന്ന് ലഭ്യമാണ്.
6. പോർട്ടബിൾ ബാറ്ററി പായ്ക്ക്
നിങ്ങൾ യാത്ര ചെയ്യുമ്പോഴും മറ്റും ഫോട്ടോകളും വീഡിയോകളും എടുത്തുകൊണ്ടിരിക്കും. ഇത്തരം ഷൂട്ടുകൾക്കിടയിൽ പെട്ടെന്ന് തന്നെ നിങ്ങളുടെ ഫോണിന്റെ ബാറ്ററി തീരും. ഇതുകൊണ്ട് തന്നെ മൈബൈൽ ഫോട്ടോഗ്രാഫി ചെയ്യുന്നവർക്ക് പോർട്ടബിൾ പവർ ബാങ്ക് ഏറെ അത്യാവശ്യമാണ്. ധാരാളം ബ്രാന്റുകളുടെ പവർബാങ്കുകൾ ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്.
7. സ്മാർട്ട്ഫോൺ മൈക്രോഫോൺ
സ്മാർട്ട്‌ഫോണുകളിൽ വീഡിയോ എടുക്കുമ്പോൾ ഏറ്റവും പ്രശ്നം നേരിടുന്നത് മൈക്രോഫോണിന്റെ കാര്യത്തിലാണ്. വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ഓഡിയോ പ്രധാനവുമാണ്. വ്ളോഗർമാർക്കും മറ്റും ഫോണിൽ വീഡിയോ എടുക്കുമ്പോൾ ഏറ്റവും ആവശ്യമായി വരുന്നവയാമ് എക്സ്റ്റേണൽ മൈക്രോഫോണുകൾ. ഇത്തരം മൈക്രോഫോണുകൾ മികച്ച ക്വാളിറ്റിയിൽ ഓഡിയോകൾ റെക്കോർഡ് ചെയ്യാൻ സഹായിക്കുന്നു. ഇവയിൽ മിക്കതും ഫോണിന്റെ 3.5 എംഎം ഹെഡ്‌സെറ്റ് ജാക്കിൽ കണക്ട് ചെയ്യാൻ സാധിക്കുന്നവയാണ്.
8. ക്യാമറ റിഗ്
കണ്ടന്റ് ക്രിയേറ്റർമാക്ക് വാങ്ങാവുന്നവയാണ് ക്യാമറ റിഗ്ഗുകൾ. ഈ കൺട്രാപ്ഷനുകൾ നിങ്ങളുടെ സ്മാർട്ട്ഫോൺ, ലൈറ്റുകൾ, മൈക്രോഫോണുകൾ, ബാറ്ററി പായ്ക്കുകൾ, സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫി ആക്‌സസറികൾ എന്നിവ ഒരുമിച്ച് മൌണ്ട് ചെയ്യാൻ സഹായിക്കുന്നു. എല്ലാ ആക്സറികളും ഒരുമിച്ച് മൌണ്ട് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന വളരെ ഉപകാരപ്രദമായ ഒരു ഡിവൈസാണ് ഇത്.
9. സ്മാർട്ട്ഫോൺ ജിംബൽ
സ്മാർട്ട്ഫോണിൽ വീഡിയോ എടുക്കുമ്പോഴും മറ്റും നേരിടുന്ന പ്രധാന പ്രശ്നമാണ് കൈ വിറച്ചുപോകുന്നത്. ഇതിനുള്ള മികച്ച പരിഹാരമാണ് ജിംബലുകൾ. ഇവ നിങ്ങളുടെ വീഡിയോകൾ കൂടുതൽ മെച്ചപ്പെടുത്തുന്നു. ഈ സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫി ആക്‌സസറി നിങ്ങളുടെ സ്മാർട്ട്‌ഫോണിന് സ്റ്റെബിലിറ്റി നൽകാൻ മോട്ടോറുകളാണ് ഉപയോഗിക്കുന്നത്. വിറയൽ കുറയ്ക്കാനും ആകർഷകമായ വീഡിയോകൾ എടുക്കാനും ഇതിലൂടെ സാധിക്കും. വ്ളോഗർമാർക്കും മൊബൈൽ ജേണലിസ്റ്റുകൾക്കും ഏറെ ഉപയോഗപ്പെടുന്ന ഡിവൈസാണ് ഇത്.
10. മൊബൈൽ ഫോട്ടോ പ്രിന്റർ
നിങ്ങളുടെ ഡിജിറ്റൽ ഫോട്ടോഗ്രാഫുകൾ പ്രിന്റെ ചെയ്യാൻ ഇപ്പോഴും ഇന്റർനെറ്റ് കഫേയിലേക്ക് പോകേണ്ട അവസ്ഥയാണോ?. ഇതിനുള്ള പരിഹാരമാണ് മൊബൈൽ ഫോട്ടോ പ്രിന്റർ. മൊബൈലിൽ എടുക്കുന്ന ഫോട്ടോകൾ വളരെ എളുപ്പത്തിൽ പ്രിന്റെ ചെയ്യാൻ സാധിക്കുന്ന ആക്സസറിയാണ് ഇത്. പോർട്ടബിൾ ഫോട്ടോ പ്രിന്റർ ഫോണിലേക്ക് കണക്ട് ചെയ്ത് നിങ്ങൾ എടുക്കുന്ന ഫോട്ടോകൾ ഉടനടി തന്നെ പ്രിന്റെ ചെയ്യാൻ സാധിക്കും.
إرسال تعليق