നിശ്ശബ്ദ കൊലയാളിയായി മാറിയിരിക്കുകയാണ് ശബ്ദമലിനീകരണം. അമിതവും സ്ഥിരമായിട്ടുമുള്ള ശബ്ദം ഗർഭസ്ഥശിശുവിൽത്തുടങ്ങി വയോധികർക്കുവരെ കേൾവിക്കുറവിനോടൊപ്പം ഹൃദയം, തലച്ചോറ്, രക്തസമ്മർദം, പ്രമേഹം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഇന്ന് തീർത്തും പ്രതിരോധിക്കാനും മുൻകരുതൽ എടുക്കാനും കഴിയുന്നതും സ്ഥായിയായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണ് ശബ്ദ മലിനീകരണം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള രാജ്യങ്ങളിൽ മുൻപന്തിയിൽ ആണ് ഇന്ത്യ.
ശബ്ദത്തെ Decibel എന്ന യൂണിറ്റിലാണ് അളക്കുന്നത്. മോട്ടോർ സൈക്കിൾ 100 dBയും ഇടിവെട്ട് 120 dBയും കരിമരുന്ന് പ്രയോഗം 150 Dbയും ആയി കണക്കാക്കാവുന്നതാണ്. 120 dB യിൽ ഉള്ള ശബ്ദം ഒറ്റത്തവണ കൊണ്ടും 70 dBയിൽമുകളിലുള്ള ശബ്ദം സ്ഥിരമായി കേൾക്കുന്നതുകൊണ്ടും കേൾവിക്കുറവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.
ഗർഭസ്ഥശിശുവിന്റെ ശ്രവണേന്ദ്രിയങ്ങൾ നാലു മുതൽ ആറ് ആഴ്ചയിൽ തുടങ്ങുകയും 20 ആഴ്ചയിൽ പൂർത്തിയാവുകയും ചെയ്യുന്നു. അതിനാൽ ഗർഭസ്ഥ ശിശുവിന് ശ്രവണശക്തിയും ശബ്ദത്തോട് പ്രതികരിക്കാൻ ഉള്ള കഴിവുകളും ഉണ്ട്.
ഗർഭസ്ഥ ശിശു അതിന്റെ മാതാവിന്റെ ശബ്ദങ്ങളും ഹൃദയമിടിപ്പുകളും രക്തചംക്രമണങ്ങൾ കൊണ്ടുള്ള ശബ്ദങ്ങളും തിരിച്ചറിയുന്നു. അതിനാൽ ത്തന്നെ 80 dbയിൽ കൂടുതൽ ശക്തിയുള്ള ശബ്ദങ്ങൾ ഗർഭസ്ഥശിശുവിന്റെ ശ്രവണശേഷി കുറയാനും എന്നന്നേക്കുമായി ഇല്ലാതാക്കാനും കാരണമാവുന്നു. ഹൃദയമിടിപ്പ് രക്തസമ്മർദം കൂടാനും വളർച്ചക്കുറവും പൂർണ വളർച്ചയില്ലാതെയുള്ള പ്രസവം തുടങ്ങി ഒരു പാട് ആരോഗ്യ പ്രശ്നങ്ങൾ വരുത്തുന്നു.
തിരക്കുള്ള റോഡിന് അരികെയുള്ള ഹോസ്പിറ്റലിൽ ജനിക്കുന്ന കുട്ടികളിലും അമിതമായ ശബ്ദങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്ന കരിമരുന്ന് പ്രയോഗം, ഉത്സവങ്ങൾ, ഉച്ചഭാഷിണിയുടെ ഉപയോഗം തുടങ്ങി വീട്ടിൽ സാധാരണ ഉപയോഗിക്കുന്ന മിക്സി, മോട്ടോർ, വാഷിങ് മെഷീൻ, അതിവേഗതയിലുള്ള ഫാൻ തുടങ്ങിയവ മാത്രംമതി ഗർഭസ്ഥശിശുവിനോ, നവജാത ശിശുവിനോ കാര്യമായ വൈകല്യങ്ങൾ ഉണ്ടാകൻ. നവജാതശിശുക്കളിൽ 45 dbൽ മേലുള്ള എല്ലാ ശബ്ദങ്ങളും മേൽപ്പറഞ്ഞ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
മുതിർന്ന കുട്ടികളിൽ Ear Phone ഉപയോഗിച്ചുള്ള പാട്ടുകേൾക്കലും മറ്റ് അതി ശബ്ദങ്ങളും അതിന്റെ ദൈർഘ്യം അനുസരിച്ച കേൾവിക്കുറവ് പഠനവൈകല്യം അനിയന്ത്രിതമായ പ്രമേഹം, രക്തസമ്മർദം, Cardiac Vascular disease തുടങ്ങിയവയും കാണപ്പെടുന്നു. ബോംബ് അമിട്ട് സ്ഫേടനങ്ങൾ പോലുള്ള അമിത ശബ്‌ദങ്ങൾ ഒറ്റതവണ കൊണ്ടുതന്നെ കർണപടലങ്ങൾക്ക് നാശം വരുത്തുകയും കേൾവി നഷ്ടപ്പെടുകയും ചെയ്യുന്നു.
ശബ്ദമലിനീകരണത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ജനസാന്ദ്രത കൂടിയ വലിയ നഗരങ്ങളിലും വലിയ ഫാക്ടറികളുടെ സമീപത്ത് ജിവിക്കുന്നവരിലുമാണ്. ജനസാന്ദ്രതയും ജനപെരുപ്പവും അതിനോടനുബന്ധിച്ച വാഹനപെരുപ്പവും ഇതിന്റെ തീവ്രതകൂട്ടുന്നു. കഴിഞ്ഞ ഒരു വർഷം മാത്രം 30 ലക്ഷത്തിലധികം വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. അതിൽ ദേശീയ ശരാശരിയെക്കാൾ മുൻപിലാണ് കേരളം. ഇതിൽ പൊതുഗതാഗതത്തിൽനിന്നുവിട്ട് സ്വകാര്യ സംവിധാനത്തിലേക്കുള്ള മാറ്റം വളരെ പ്രകടമായിട്ടുണ്ട്. 2000-ത്തിൽ 20 ലക്ഷം വാഹനങ്ങൾ ഉണ്ടായിരുന്നത് ഇന്ന് ഒരു കോടിയിലധികമായി. ഈ വാഹനങ്ങളിൽനിന്നുള്ള ശബ്ദമലിനീകരണം തന്നെ അപകടകരമാം വിധത്തിലുള്ളതാണ്.
അത്യാവശ്യഘട്ടങ്ങളിലല്ലാത്ത ഹോണിന്റെ ഉപയോഗം ഈ ആഘാതത്തിന്റെ വ്യാപ്തി കൂട്ടുന്നു.
• എങ്ങനെ നേരിടാം
ആദ്യമായി ശബ്ദമലിനീകരണം കൊണ്ട് സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പൊതുസമൂഹം മനസ്സിലാക്കണം. ഘട്ടം ഘട്ടമായി പല നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതിന്റെ കാര്യക്ഷമത വേണ്ടതുപോലെ കിട്ടിയിട്ടില്ല. അതിന് ഭരണകൂടവും ഭരണകർത്താക്കളും പൊതുസമൂഹവും ആത്മാർഥമായി സഹകരിക്കണം ഉത്സവങ്ങളുടെ പേരിലുള്ള കരിമരുന്ന് പ്രയോഗങ്ങളും ശബ്ദങ്ങളും അപകടകരമാം വിധത്തിലുള്ളത് കുറയ്ക്കണം. ആരാധനാലയങ്ങളിൽ നിന്നുള്ള അതിമ ശബ്ദങ്ങളും ഉച്ചഭാഷിണികളും ഒഴിവാക്കണം. അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ ഹോൺ ഉപയോഗിക്കരുത്.
രാഷ്ട്രീയപാർട്ടികളുടെ ജയപരാജയ ആഘോഷങ്ങളിലും അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കി മാതൃക കാണിക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരേ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ശിക്ഷാനടപടികൾ എടുക്കാവുന്ന മാനസിക അവസ്ഥ സംജാതമാകണം.
• ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സാധാരണ സംസാരം 40-50 dB വരെയാണ്. ഓരോ 10dB കൂടുമ്പോഴും ശബ്ദം പത്തിരട്ടി ശക്തിയേറിയതാകുന്നു. അതുപോലെ 20dB കൂടുമ്പോൾ ശബ്ദം നൂറിരട്ടി ശക്തിയേറിയതാകുന്നു. ഈ രീതിയിൽ ഓരോ dB കൂടുമ്പോഴും ശബ്ദത്തിന്റെ തീവ്രത പതിൻമടങ്ങ് കൂടുന്നു. ചെറുപ്രായം മുതൽ വയോധികർക്ക് വരെയുള്ള കേൾവിക്കുറവിന്റെ ഏറ്റവും പ്രധാനകാരണം ശബ്ദമലിനീകരണം ആണ്. വ്യക്തിഗത മാറ്റങ്ങൾ ഉണ്ടെന്ന് മാത്രം.
80dBയിൽ അധികം ശബ്ദമുള്ള അന്തരീക്ഷത്തിൽ ജോലിചെയ്യുന്നവർ ശബ്ദ കവചങ്ങൾ (Ear plug of Muffler) ഉപയോഗിക്കേണ്ടതാണ്. നിരന്തരമായ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണം. നിർബന്ധമാണെങ്കിൽ Speaker phone ഉപയോഗിക്കുക. ഉത്സവങ്ങളിലും സ്റ്റേജ് പരിപാടികളിലും 80 dBയിൽ കൂടുതലുള്ള ശബ്ദമാണെങ്കിൽ ശബ്ദസ്രോതസ്സിൽനിന്ന് വിട്ടുനിൽക്കുക. മൊബൈൽ ആപ്ളിക്കേഷൻ വഴി ശബ്ദത്തിന്റെ തീവ്രത തീരുമാനിക്കാൻ സാധിക്കും. (Sound meter app.) ഹെഡ് ഫോണോ, ഇയർ ഫോണോ ഉപയോഗിച്ച് സംഗീതം ആസ്വദിക്കുന്നവർ വളരെ ചെറിയ ശബ്ദത്തിൽ വെയ്ക്കുകയും ഇടയ്ക്കിടെ ഇടവേള കൊടുക്കുകയും ചെയ്യുക.
ഉത്സവങ്ങളിലും മറ്റും ശബ്ദമില്ലാത്ത കരിമരുന്ന് പ്രയോഗം നടത്താൻ ശ്രമിക്കുക. ഹോൺ അടിക്കാതെയുള്ള ഡ്രൈവിങ് സ്വായത്തമാക്കുക. Horning നിങ്ങൾക്കും പൊതു ജനങ്ങൾക്കും ഒരുപോലെ ദോഷംചെയ്യുന്നതാണ്. വീട്ടിലെ ഉപകരണങ്ങൾ, ഫാൻ, ടി.വി., എ.സി., മിക്സി, വാഷിങ്‌മെഷിൻ തുടങ്ങിയവ അനുവദനീയമായ ശബ്ദത്തിലുള്ളതാക്കുക.
(മോഡേണ്‍ ഇ.എന്‍.ടി.യിലെ ഇ.എന്‍.ടി.സര്‍ജനാണ് ലേഖകന്‍)
Post a Comment