സാങ്കേതികവിദ്യ അതിവേഗം പുരോഗമിക്കുന്ന കാലത്ത് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുക എന്നത് എല്ലാവരുടെയും ആവശ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രായമായ ആളുകളും ഇന്ന് സ്മാർട്ടഫോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം എല്ലാ ആളുകൾക്കും പുതിയ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുക എന്നത് എളുപ്പമുള്ള കാര്യം ആയിരിക്കില്ല. മക്കൾ വീട്ടിലില്ലാത്ത പ്രായമായ മാതാപിതാക്കൾ വീഡിയോ കോളിലൂടെയും മറ്റുമാണ് അവരെ കാണുന്നത്. ഇതിനായി പ്രായമുള്ള ആളുകൾക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ ഫോൺ സെറ്റ് ചെയ്യേണ്ടതുണ്ട്.
ഏറ്റവും പുതിയ ഇൻ-ബിൽറ്റ് ആപ്പുകൾ പ്രായമായവർക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിന് കൂടുതൽ വെല്ലുവിളി ഉയർത്തുന്നവയാണ്. സ്മാർട്ട്ഫോണുകൾ പല തരത്തിൽ പ്രയോജനമുള്ളവയാണ് എങ്കിലും അവയുടെ സങ്കീർണത പ്രായമുള്ള ആളുകൾക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഹോം എന്ന സിനിമയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ട നമ്മുക്ക് സ്വന്തം വീട്ടിൽ തന്നെ ഇത്തരം അനുഭവങ്ങളും ഉണ്ടായിരിക്കും. പ്രായമുള്ള ആളുകൾക്ക് എളുപ്പത്തിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലും അതിൽ പ്രശ്നങ്ങൾ അനുഭവപ്പെടാത്ത രീതിയിലും ഫോൺ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
സ്മാർട്ട്ഫോൺ ആപ്പുകൾ
സ്മാർട്ട്ഫോണുകളിൽ നൽകിയിരിക്കുന്ന ഇൻ-ബിൽറ്റ് ആപ്പുകൾ ഉപയോഗിക്കുക എന്നതാണ് പ്രായമായവരുടെ ഏറ്റവും വലിയ പ്രശ്നം. ഇക്കാലത്ത്, പണം ട്രാൻസ്ഫർ ചെയ്യണോ വീഡിയോ കോളുകൾക്കോ വീഡിയോകൾ കാണാനോ ഒക്കെയായി നിരവധി ആപ്പുകൾ ഉണ്ട്. ഇതിൽ ഏറ്റവും ലളിതമായവ തിരഞ്ഞെടുത്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് വയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. കൂടുതൽ ആപ്പുകൾ ഡൌൺലോഡ് ചെയ്ത് ആശയകുഴപ്പം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ആവശ്യത്തിന് മാത്രം ആപ്പുകൾ ഡൌൺലോഡ് ചെയ്ത് നൽകുകയും അവ എളുപ്പം ലഭിക്കുന്ന രീതിയിൽ സെറ്റ് ചെയ്ത് നൽകുകയും ചെയ്യുക.
സ്ക്രീൻ ലോക്ക് സുരക്ഷ
പിൻ കോഡ്, സ്ക്രീൻ ലോക്ക്, ഫിംഗർപ്രിന്റ് സ്കാനറുകൾ എന്നിവ സെറ്റ് ചെയ്യാനുള്ള നിരവധി സുരക്ഷാ ഓപ്ഷനുമായാണ് സ്മാർട്ട്ഫോണുകൾ വരുന്നത്. എന്നാൽ ഇത്തരം സങ്കീർണമായ സുരക്ഷാ ഓപ്ഷനുകൾ പ്രായമുള്ള ആളുകൾക്ക് പലപ്പോഴും ബുദ്ധിമുട്ട് ആയിരിക്കും. ഇത്തരം ലോക്കുകൾ ഇല്ലാതെ ഫോൺ ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമുള്ള കാര്യമാണ്. പ്രായമായവർക്കായി നിങ്ങൾ ഒരു സ്മാർട്ട്ഫോൺ സെറ്റ് ചെയ്യുമ്പോൾ എളുപ്പമുള്ള സ്ക്രീൻ ലോക്ക് തിരഞ്ഞെടുക്കുക. ആ ലോക്ക് അവർക്ക് എടുക്കാൻ എളുപ്പമുള്ളതും ഓർമ്മയിൽ നിൽക്കുന്നതുമായിരിക്കണം. അതല്ലെങ്കിൽ ലോക്ക് പൂർമായും ഒഴിവാക്കാം. സെറ്റിങ്സിലെ സെക്യൂരിറ്റി, സ്ക്രീൻ ലോക്ക് ഓപ്ഷനിലാണ് ഇത് ലഭിക്കുന്നത്.
ഷോർട്ട് കട്ടുകൾ ഉപയോഗിക്കുക
പ്രായമുള്ള ആളുകൾ പതിവായി ഉപയോഗിക്കുന്ന ആപ്പുകളിലേക്ക് ഷോർട്ട് കട്ടുകൾ ചേർക്കാനുള്ള ഓപ്ഷനും സ്മാർട്ട്ഫോണുകൾ നൽകുന്നുണ്ട്. ഇഥിലൂടെ ടെക്സ്റ്റ് മെസേജ് അയയ്‌ക്കാനോ ഏറ്റവും ആവശ്യമുള്ള കോൺടാക്റ്റുകളെ ഒരു ടാപ്പിലൂടെ വിളിക്കാനോ ഉള്ള ഷോർട്ട് കട്ടുകൾ ഹോം സ്ക്രീനിൽ സ്റ്റാറ്റസ് ഷോർട്ട് കട്ടുകളിൽ ചേർക്കുക. ഇത് പല ഓപ്ഷൻസ് തിരഞ്ഞെടുത്ത് കോളുകൾ വിളിക്കുന്നത് ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ഒഴിവാക്കുന്നു.
ഇൻബിൾഡ് വോയ്സ് കമാൻഡ്
പ്രായമുള്ള ആളുകൾക്ക് ഫോൺ നമ്പർ ഡയൽ ചെയ്യാനോ മെനുവിലൂടെ നാവിഗേറ്റ് ചെയ്യാനോ കഴിയണമെന്നില്ല. ഇത്തരം അവസരങ്ങളിൽ ബിൽറ്റ്-ഇൻ വോയ്‌സ് കമാൻഡ് എനേബിൾ ചെയ്യുന്നത് മികച്ചൊരു ഓപ്ഷൻ ആയിരിക്കും. ഇത് സ്മാർട്ട്ഫോൺ എളുപ്പത്തിൽ ഉപയോഗിക്കാൻ നമ്മളെ സഹായിക്കുന്നു. പ്രായമുള്ള ആളുകൾക്ക് വോയിസ് കമാൻഡുകളിലൂടെ കോളുകൾ വിളിക്കാനും ആവശ്യമുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും സാധിക്കും.
മികച്ച ഡിസ്പ്ലേ
പ്രായമായവർക്കുള്ള സ്മാർട്ട്ഫോണുകളിൽ എല്ലാ കാര്യങ്ങളും ലളിതമായിരിക്കണം എന്നത് പോലെ തന്നെ പ്രധാനമാണ് എല്ലാം വ്യക്തമായി കാണണം എന്നതും. അതുകൊണ്ട് തന്നെ ഡിസ്പ്ലേ വ്യക്തവും ബ്രൈറ്റ്നസ് കൂടിയതുമായിരിക്കണം. കോളുകൾ വിളിക്കാനും എടുക്കാനും അലാറം സെറ്റ് ചെയ്യാനും ഉൾപ്പെടെ മുതർന്ന ആളുകൾ എന്ത് പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും ഡിസ്പ്ലെ വ്യക്തമായി കാണണം. അതുകൊണ്ട് തന്നെ ബ്രൈറ്റ്നസ് കൂടി വയ്ക്കുന്നതാണ് നല്ലത്. കൂടുതൽ നേരം ഫോൺ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ബ്രൈറ്റ്നസ് കൂടിയാൽ പ്രശ്നങ്ങൾ അനുഭവപ്പെടുന്നത്. ഇത്തരം പ്രശ്നങ്ങൾ പ്രായമായ ആളുകൾക്ക് ഉണ്ടാകണമെന്നില്ല. ഓട്ടോമാറ്റിക്ക് ബ്രൈറ്റ്നസ് ഓപ്ഷനും ആവശ്യമെങ്കിൽ ഉപയോഗിക്കാം.
Post a Comment