ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ സ്വന്തമായി ഒരു വീട് വാങ്ങുമ്പോൾ അല്ലെങ്കിൽ വീട് പണിയുമ്പോൾ ബിൽഡിങ് കോൺട്രാക്ടറുമായി അല്ലെങ്കിൽ ബിൽഡറുമായി എഗ്രിമെന്റ് എങ്ങിനെ എഴുതണം എന്ന് പലർക്കും അറിയില്ല. അതുകൊണ്ടുതന്നെ എഗ്രിമെന്റിൽ സംഭവിക്കുന്ന ചെറിയ തെറ്റുകൾ വരെ പിന്നീട് വളരെ വലിയ പ്രശ്നങ്ങൾ ആയി മാറാറുണ്ട്. ഇത് ഒഴിവാക്കുന്നതിനായി വീട് പണിയുമ്പോൾ എഴുതേണ്ട എഗ്രിമെന്റ് എങ്ങനെയാണെന്ന് കൃത്യമായി മനസിലാക്കാം.
വീട് പണിയുന്നതിനായി എഗ്രിമെന്റ് എഴുതേണ്ട രീതി എങ്ങനെയാണ്?
വീട് പണിയുന്നതിനായി എഴുതേണ്ട എഗ്രിമെന്റ് ഒരിക്കലും വെറുതെ ഒരു വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കാതെ മുദ്രപത്രത്തിൽ തന്നെ എഴുതാനായി ശ്രദ്ധിക്കണം. പലപ്പോഴും പലരും ചെയ്യുന്ന ഒരു അബദ്ധമാണ് ഒരു സാധാരണ പേപ്പറിൽ എഴുതി തയ്യാറാക്കുന്നത്.
എന്നാൽ ഇങ്ങനെ ചെയ്യാതെ കുറഞ്ഞത് ഒരു 200 രൂപയുടെ മുദ്രപത്രത്തിൽ എങ്കിലും എഗ്രിമെന്റ് എഴുതാനായി പ്രത്യേകം ശ്രദ്ധിക്കണം. രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല എങ്കിലും കുഴപ്പമില്ല. എന്നാൽ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു മുദ്രപത്രത്തിൽ തന്നെ എഗ്രിമെന്റ് എഴുതാനായി ശ്രദ്ധിക്കണം. ഭാവിയിൽ ഉണ്ടായേക്കാവുന്ന തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ഈ രീതി പിന്തുടരുന്നത് വളരെയധികം ഉപകാരം ചെയ്യും.
എഗ്രിമെന്റ് എഴുതേണ്ട രീതി എങ്ങനെയാണ്?
ഒരു എഗ്രിമെന്റ് എഴുതുമ്പോൾ ഫസ്റ്റ് പാർട്ടിയായി ഓണർ, സെക്കൻഡ് പാർട്ടിയായി ബിൽഡർ എന്നിങ്ങനെയാണ് നൽകുക. ഫസ്റ്റ് പാർട്ടിയും സെക്കൻഡ് പാർട്ടിയും തമ്മിൽ ആദ്യം സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കുന്ന ദിവസം, സ്ഥലം, വർക്ക് ചെയ്യുന്നതിന് ആവശ്യമായ തുക, വർക്ക് ചെയ്യുന്ന രീതി, ഒരു ഐഡി പ്രൂഫ്, രണ്ടുപേരുടെയും അഡ്രസ്സ്, പെയ്മെന്റ് ചെയ്യുന്ന രീതി എന്നീ വിവരങ്ങൾ കൃത്യമായി ഉൾപ്പെടുത്താനായി ശ്രദ്ധിക്കണം.
മോഡ് ഓഫ് പെയ്മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് ആകെ നൽകേണ്ടിവരുന്ന തുക സ്പ്ളിറ്റ് ചെയ്താണ് നൽകുന്നത് എങ്കിൽ ഓരോ ഘട്ടത്തിലും എത്ര തുക നൽകുന്നു എന്ന വിവരങ്ങളാണ്. അതായത് എഗ്രിമെന്റ് ചെയ്യുമ്പോൾ 10% ആണ് നൽകുന്നത് എങ്കിൽ അത് സംബന്ധിച്ച കാര്യങ്ങൾ, തുടർന്ന് ഫൗണ്ടേഷൻ സ്റ്റേജിൽ നൽകേണ്ട തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ എല്ലാം വിശദമായി എഗ്രിമെന്റിൽ ഉൾപ്പെടുത്തണം.
അതായത് ഇത്തരത്തിലൊരു എഗ്രിമെന്റ് വയ്ക്കുന്നതിലൂടെ കസ്റ്റമർക്ക് കോണ്ട്രാക്റ്റ് ഏതെല്ലാം പണികൾ ഓരോ സ്റ്റേജിലും ചെയ്ത് നൽകണം എന്നതിനെപ്പറ്റിയും, ഓരോ സ്റ്റേജിൽ പണി പൂർത്തിയാകുമ്പോൾ നൽകേണ്ട തുക യെപ്പറ്റി കോൺട്രാക്ടർക്കും കൃത്യമായ വിവരം ലഭിക്കും. വീട് പണിയുന്നതിനുള്ള എഗ്രിമെന്റ് എഴുതുമ്പോൾ എല്ലാ വിവരങ്ങളും വ്യക്തമായി വിശദമാക്കുന്നത് ആണ് എപ്പോഴും നല്ലത്.
അതായത് വീട് നിർമാണത്തിൽ വ്യത്യസ്ത ഘട്ടങ്ങളായി തരം തിരിച്ചാൽ തറ നിർമ്മാണം വരെയുള്ള കാര്യം സബ് സ്ട്രക്ചർ എന്നാണ് അറിയപ്പെടുന്നത്. അതായത് ഫൗണ്ടേഷൻ നിർമാണത്തിൽ മണ്ണിന്റെ ഘടന ഉൾപ്പെടെയുള്ള കാര്യങ്ങൾ വരുന്നുണ്ട്.
ഇതിൽ ഉൾപ്പെടുന്ന മറ്റ് കാര്യങ്ങളാണ് ആവശ്യമായ രീതിയിൽ ഭൂമി നിരപ്പാക്കി എടുക്കുന്ന രീതി, മണ്ണ് റീഫിൽ ചെയ്യുന്ന രീതി, കരിങ്കൽ ആണോ മറ്റ് രീതി ആണോ ഉപയോഗിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ, മോസറി വർക്ക് ചെയ്യുന്ന രീതി, ഉപയോഗിക്കുന്ന കമ്പി എന്നിവയെല്ലാം ഈ സ്റ്റേജിൽ ഉൾപ്പെടുന്നു. എന്നാൽ ഇവ ഓരോ വീടിന്റെയും നിർമ്മാണത്തിന് അനുസരിച്ച് വ്യത്യസ്തമാകാം.
വീടിന്റെ പടവു മുതലുള്ള കാര്യങ്ങൾ ഉൾപ്പെടുന്നത് സൂപ്പർ സ്ട്രക്ചർ എന്ന വിഭാഗത്തിലാണ്. ഇതിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ടത് ബ്രിക്ക് വർക്കുകളെ പറ്റിയുള്ള കാര്യങ്ങൾ അതായത് ഓരോ വീട് നിർമ്മിക്കുമ്പോഴും ഓരോരുത്തരുടെയും ഇഷ്ടാനുസരണം ആയിരിക്കും ബ്രിക്ക് തിരഞ്ഞെടുക്കുന്നത്. ചിലർ ചെങ്കല്ല്, ഇഷ്ടിക എന്നിങ്ങനെയെല്ലാം തിരഞ്ഞെടുക്കും.
ബ്രിക്കിന്റെ സൈസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ എഗ്രിമെന്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. കൂടാതെ വാതിൽ,ജനൽ കട്ടിള, ഇവയ്ക്ക് ആവശ്യമായ മെറ്റീരിയൽ അതായത് വാതിലാണെങ്കിൽ പ്ലാവ്, ആഞ്ഞിലി എന്നിവയിൽ എന്താണ് ഉപയോഗിക്കുന്നത് എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇവയുടെയും നീളം, വീതി എന്നിവ സംബന്ധിച്ച കാര്യങ്ങളും എഗ്രിമെന്റിൽ ഉൾപ്പെടുത്തണം.
ഭിത്തി കെട്ടി കഴിഞ്ഞുള്ള ലിന്റിൽ വാർപ്പ് സെക്ഷനിൽ സ്ലാബ്, സൺഷേഡ്,സ്റ്റേർ കേസ് എന്നിവ സംബന്ധിച്ച കാര്യങ്ങളും, കോൺക്രീറ്റ് മിക്സിങ് വിവരങ്ങൾ, ഉപയോഗിക്കുന്ന കമ്പി അവയുടെ നീളം വീതി അകലം എന്നിവ സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട്.
വീടിന്റെ പ്ലാസ്റ്ററിങ് സംബന്ധിച്ച വിവരങ്ങൾ എഗ്രിമെന്റിൽ ഉൾപ്പെടുത്തുമ്പോൾ ജിപ്സം പ്ലാസ്റ്ററിങ് പോലുള്ള വർക്കുകൾ ചെയ്യുന്നുണ്ടെങ്കിൽ അവ കൃത്യമായി എഴുതാനായി ശ്രദ്ധിക്കണം.
സാനിറ്ററി വർക്കുകൾ എഗ്രിമെന്റിൽ ഉൾപ്പെടുത്തുമ്പോൾ ഉപയോഗിക്കുന്ന മെറ്റീരിയൽ വില സഹിതം ഉൾപ്പെടുത്തണം. ഓരോ ബ്രാൻഡുകൾ തിരഞ്ഞെടുക്കുമ്പോഴും അവയുടെ വിലയിൽ വരുന്ന വ്യത്യാസം എഗ്രിമെന്റിൽ നൽകേണ്ടതുണ്ട്. കൂടാതെ പ്ലംബിംഗ് മെറ്റീരിയൽ സംബന്ധിച്ച കാര്യങ്ങൾ, സെപ്റ്റിക് ടാങ്ക്, സോക് പിറ്റ്, ഫെറോസിമന്റ് ടാങ്ക്, വാഷ് ബേസിൻ,കിച്ചൻ സിങ്ക്, ഉപയോഗിക്കുന്ന പൈപ്പ് എന്നിവയുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തണം.
ഇലക്ട്രിക് വിവരങ്ങൾ കൃത്യമായി എഗ്രിമെന്റ് ഉൾപ്പെടുത്താത്തത് പലപ്പോഴും പല രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. അതായത് ഒരു ബെഡ്റൂമിൽ ലൈറ്റ്, ഫാൻ, AC എന്നിവയ്ക്കായി എത്ര പോയിന്റ് ആണ് നൽകുന്നത് എന്ന് കൃത്യമായി എഗ്രിമെന്റിൽ ഉൾപ്പെടുത്തണം. എപ്പോഴും വീടിന്റെ പണി പൂർത്തിയായി കഴിഞ്ഞു ആവശ്യമായ പോയിന്റ് കൾ നൽകാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കും.
ഒരു ഇലക്ട്രിക് ഡ്രോയിങ് നൽകുകയാണെങ്കിൽ ഇത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന് സഹായിക്കും. വയറിങ്ങിന് ഉപയോഗിക്കുന്ന വയർ, പൈപ്പ്, സ്വിച്ച്,ഫാൻ എന്നിവയ്ക്ക് തിരഞ്ഞെടുക്കുന്ന ബ്രാൻഡുകൾ എന്നിവയ്ക്കെല്ലാം വളരെയധികം പ്രാധാന്യമുണ്ട്. കൂടാതെ ഇലക്ട്രിക്കൽ സംബന്ധമായ കാര്യങ്ങളിൽ എക്സോസ്റ്റ് ഫാൻ, സർക്യൂട്ട് ബ്രേക്കർ, ത്രീ ഫേസ് വയറിങ്,ഇൻവെർട്ടർ,AC ക്ക് ആവശ്യമായ വയറിങ് എന്നീ കാര്യങ്ങൾ കൂടി ഉൾപ്പെടുത്താവുന്നതാണ്.
പെയിന്റിങ് സംബന്ധിച്ച കാര്യങ്ങൾ എഗ്രിമെന്റിൽ ഉൾപ്പെടുത്തുമ്പോൾ ഇന്റീരിയർ,എക്സ്റ്റീരിയർ എന്നിവയ്ക്ക് നൽകുന്ന പെയിന്റിനെ പറ്റി കൃത്യമായി വിവരങ്ങൾ എഴുതാനായി ശ്രദ്ധിക്കണം. സാധാരണയായി ഇന്റീരിയർ പെയിന്റിങ് ചെയ്യുന്നത് രണ്ടു കോട്ട് പുട്ടി, ഒരു കോട്ട് പ്രൈമർ, രണ്ടു കോട്ട് എമൽഷൻ എങ്ങിനെയാണ്. എന്നാൽ ഇവ തന്നെ ഓരോ കസ്റ്റമർ, അവരുടെ ഇഷ്ടാനുസരണം മാറ്റം വരുത്താറുണ്ട്.
എക്സ്റ്റീരിയർ ചെയ്യുമ്പോൾ ഇവയിൽ മാറ്റം വരാറുണ്ട്. എന്നുമാത്രമല്ല പെയിന്റ് കളർ,ടെക്സ്ചേർ വർക്കുകൾ ചെയ്യുന്നുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരങ്ങൾ ഏത് കമ്പനിയുടെ പെയിന്റ് ഉപയോഗിക്കണം, പോളിഷ് ആവശ്യമുണ്ടെങ്കിൽ അത് സംബന്ധിച്ച കാര്യങ്ങൾ, റൂഫ് ടൈലറിംഗ്,ഫാൾ സീലിംഗ് ചെയ്യുന്നുണ്ടെങ്കിൽ അതു സംബന്ധിച്ച കാര്യങ്ങൾ എന്നിവയെല്ലാം ചിലപ്പോൾ എഗ്രിമെന്റിൽ ഉൾപ്പെടുത്താറില്ല.
എന്നാൽ ഇവ ഉൾപ്പെടുത്തുന്ന വരും ഉണ്ട്. എഗ്രിമെന്റ് ഒപ്പിടുന്നതിനു മുൻപായി അത് കൃത്യമായി വായിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം വർക്കുകൾ ചെയ്യുമ്പോൾ ഒന്നുകിൽ നിങ്ങൾക്ക് സാധനങ്ങൾ വാങ്ങി ലേബർ കോൺട്രാക്ട് നൽകുകയോ, അതല്ല എങ്കിൽ പൂർണ്ണമായും കോൺട്രാക്ട് നൽകുകയോ ചെയ്യാവുന്നതാണ്. എന്നാൽ സ്വന്തമായി മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ അവയെപ്പറ്റി കൃത്യമായി വിവരം ഉണ്ടായിരിക്കണം.
ഒരു വീട് പണിയുമ്പോൾ എഗ്രിമെന്റ് എഴുതുന്നതിന് മുൻപായി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കുന്നതാണ്.
Post a Comment