ജനപ്രീയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഇൻസ്റ്റാഗ്രാം. ഫോട്ടോ ഷെയറിങ് ആപ്പായി ആരംഭിച്ച ഇൻസ്റ്റഗ്രാം ഇന്ന് മികച്ച സവിശേഷതകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഇൻസ്റ്റാഗ്രാം നൽകുന്ന സവിശേഷതകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റീൽസ്.
ബിസിനസുകൾ പ്രമോട്ട് ചെയ്യാനും കഴിവുകൾ പ്രദർശിപ്പിക്കാനും ഒക്കെയായി റീൽസ് ഫീച്ചർ ഉപയോഗിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചതോടെ ഏറ്റവും കൂടുതൽ ഗുണം ലഭിച്ചത് ഇൻസ്റ്റാഗ്രാമിന് തന്നെയാണ്. ധാരാളം ആളുകളാണ് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത്.
ടിക് ടോക്കിന്റെ ഫീച്ചറുകൾ കടമെടുത്താണ് ഇൻസ്റ്റാഗ്രാം തങ്ങളുടെ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോം ഉണ്ടാക്കിയിരിക്കുന്നത്. ടിക്ടോക്ക് നിരോധിച്ചതോടെ ആ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന കണ്ടന്റ് ക്രിയേറ്റർമാർ ഇൻസ്റ്റഗ്രാം റീൽസിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ആരംഭിച്ചു.
നിലവിൽ ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്റർമാർക്ക് റീൽസ് പോസ്റ്റ് ചെയ്തതിന് പണം നൽകുന്നില്ല. പക്ഷേ നിങ്ങൾക്ക് റീൽസ് വഴി പണമുണ്ടാക്കാൻ വഴികൾ ഉണ്ട്. ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം റീൽസ് വഴി എങ്ങനെ പണം സമ്പാദിക്കാമെന്നും എങ്ങനെയാണ് റീൽസ് ഉണ്ടാക്കേണ്ടത് എന്നും വിശദമായി നോക്കാം.
എന്താണ് ഇൻസ്റ്റാഗ്രാം റീൽസ്
കഴിഞ്ഞ വർഷമാണ് ഇൻസ്റ്റാഗ്രാം റീൽസ് ആരംഭിച്ചത്. ഒരാൾക്ക് 15 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോ റെക്കോർഡ് ചെയ്ത് പോസ്റ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള സംവിധാനം ആയിരുന്നു ആദ്യഘത്തിൽ റീൽസ് പിന്നീട് പ്ലാറ്റ്ഫോം സമയ പരിധി 30 സെക്കൻഡായി ഉയർത്തി. ഈ വർഷം റീൽസിന്റെ സമയപരിധി 60 സെക്കൻഡായി വർധിപ്പിച്ചു. ഷോർട്ട് വീഡിയോകൾ ഉണ്ടാക്കാൻ ഇൻസ്റ്റാഗ്രാം റീൽസ് നിങ്ങളെ സഹായിക്കുന്നു. റീൽസ് ഓപ്ഷനിൽ വീഡിയോകൾ എഡിറ്റ് ചെയ്യാനുള്ള സംവിധാനങ്ങളും ഇൻസ്റ്റാഗ്രാം നൽകുന്നുണ്ട്. ഇതിനായുള്ള ടൂളുകൾ വളരെ എളുപ്പത്തിൽ ഉപയോഗിക്കാം.
ഇൻസ്റ്റാഗ്രാം റീൽസ് ഉണ്ടാക്കുന്നത് എങ്ങനെ
• നിങ്ങളുടെ ഇൻസ്റ്റാഗ്രാം ആപ്പ് തുറന്ന് വലത്തേക്ക് സ്വൈപ്പ് ചെയ്ത് ക്യാമറ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• ക്യാമറ ഓപ്ഷനിൽ നിങ്ങൾക്ക് സ്റ്റോറി, റീൽസ്, ലൈവ് എന്നീ ഓപ്ഷനുകൾ കാണാം. ഇതിൽ റീൽസ് ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
• നിങ്ങൾക്ക് 60 സെക്കൻഡ് വരെ വീഡിയോകൾ റെക്കോർഡുചെയ്യാൻ സാധിക്കും. അതല്ലെങ്കിൽ നിങ്ങളുടെ ഗാലറിയിൽ നിന്ന് ഏത് വീഡിയോയും അപ്‌ലോഡ് ചെയ്യാനും കഴിയും.
• ഓഡിയോ, സ്പീഡ്, ഇഫക്ട് മുതലായ ഓപ്ഷനുകൾ റീൽസിൽ ലഭ്യമാണ്. നിങ്ങൾക്ക് ഏത് മ്യൂസിക്കും തിരഞ്ഞെടുത്ത് വീഡിയോ ക്രിയേറ്റ് ചെയ്യാൻ കഴിയും.
• പ്രിവ്യൂ ഓപ്‌ഷനിൽ നിങ്ങളുടെ വീഡിയോ ക്ലിക്ക് ചെയ്യുക തുടർന്ന് റീൽസ് അപ്‌ലോഡ് ചെയ്യുന്നതിന് നെക്സ്റ്റ് ഓപ്ഷൻ ക്ലിക്കുചെയ്യുക. നിങ്ങൾക്ക് അടിക്കുറിപ്പുകൾ ചേർക്കാനും ആളുകളെ ടാഗ് ചെയ്യാനും കഴിയും. റീലുകൾ പോസ്റ്റുചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ അത് സേവ് ചെയ്ത് വെയ്ക്കാനും കഴിയും.
ഇൻസ്റ്റാഗ്രാം റിൽസ് കാണുന്നത് എങ്ങനെ
റീൽസ് വീഡിയോകൾ കാണാൻ, നിങ്ങൾ സെർച്ച് ബട്ടണിന്റെ അടുത്തുള്ള റീൽസ് ഓപ്ഷൻ തിരഞ്ഞെടുക്കുക. അടുത്ത റീൽസ് കാണാനായി മുകളിലേക്ക് സ്വൈപ്പുചെയ്യുക. നിങ്ങൾക്ക് തേർഡ് പാർട്ടി വെബ്സൈറ്റുകൾ വഴി ഫോണിന്റെ ലോക്കൽ സ്റ്റോറേജിലേക്ക് റീൽസ് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനും കഴിയും. നിങ്ങൾ ഫോളോ ചെയ്യുന്ന ആളുകളുടെ റീൽസ് കൂടാതെ കൂടുതലായി ട്രന്റിങ് ആകുന്ന റീൽസും നിങ്ങളുടെ ഫീഡിലെത്തും. നിങ്ങളുടെ താല്പര്യം തിരിച്ചറിഞ്ഞ് ഇൻസ്റ്റഗ്രാം തന്നെ റീൽസ് വീഡിയോകൾ നിങ്ങൾക്ക് കാട്ടിത്തരും. റീൽസിൽ ലൈക്ക്, കമന്റ് ഓപ്ഷനുകളും ലഭ്യമാണ്.
ഇൻസ്റ്റാഗ്രാം റീൽസിൽ നിന്നും പണം സമ്പാദിക്കാം
മുകളിൽ സൂചിപ്പിച്ചതുപോലെ ഇൻസ്റ്റാഗ്രാം ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് നിലവിൽ പോസ്റ്റ് ചെയ്യുന്ന റീൽസിന് പ്രതിഫലം നൽകുന്നില്ല. എന്നാൽ നിങ്ങൾ മികച്ചൊരു കണ്ടന്റ് ക്രിയേറ്റർ ആണെങ്കിൽ പണം സമ്പാദിക്കാൻ സാധിക്കും. പണം വാങ്ങിയുള്ള പ്രമോഷണൽ വീഡിയോകൾ ചെയ്താണ് ഇത്തരത്തിൽ പണം സമ്പാദിക്കുന്നത്. ഇൻസ്റ്റാഗ്രാം റീൽസിലൂടെ പ്രമോഷണൽ വീഡിയോകൾ ചെയ്ത് പണം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
• ഏതെങ്കിലും പരിപാടികളുടെ പ്രമോഷന് വേണ്ടി വീഡിയോകൾ ചെയ്ത് പണം വാങ്ങാം
• ഏതെങ്കിലും ബ്രാൻഡിന്റുമായി സഹകരിച്ചുകൊണ്ട് അവരുടെ പ്രൊഡക്ടുകൾ പ്രദർശിപ്പിക്കുന്ന റീൽസ് ഉണ്ടാക്കുക
• നിങ്ങൾ ഒരു ഭക്ഷണപ്രേമിയാണെങ്കിൽ, നിങ്ങളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റ് തിരഞ്ഞെടുത്ത് റെസ്റ്റോറന്റിൽ നിന്ന് പണം വാങ്ങി വീഡിയോ ഉണ്ടാക്കാം.
• ഏതെങ്കിലും പ്രൊഡക്ട് മികച്ച റിവ്യൂ ചെയ്തും നിങ്ങൾക്ക് പണം സമ്പാദിക്കാൻ സഹായിക്കും.
ഭാവിയിൽ ഇൻസ്റ്റഗ്രാം തന്നെ നിങ്ങൾക്ക് പണം തരും
ഇൻസ്റ്റാഗ്രാം '' ബോണസ് '' എന്ന പേരിൽ ഒരു പ്രോഗ്രാം കൊണ്ടുവരാൻ പ്രവർത്തിക്കുന്നുണ്ട്. ഇത് ഉപയോക്താക്കൾക്ക് പുതിയ റീൽസ് ഷെയർ ചെയ്യുമ്പോൾ പണം നൽകുന്നു. ഇൻസ്റ്റാഗ്രാം ഇതുവരെ ഈ ബോണസ് പ്രോഗ്രാമിനെ പറ്റിയുള്ള കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. യൂട്യൂബ് പോലെ വ്യൂസ് ലൈക്സ് തുടങ്ങിയ കാര്യങ്ങൾക്ക് അനുസരിച്ച് ആയിരിക്കും പണം ലഭിക്കുക എന്നാണ് സൂചനകൾ.
Post a Comment