ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും ജനപ്രിയമായ പേരുകളിൽ ഒന്നാണ് ടിവിഎസ് ജുപ്പിറ്റർ. ഹോണ്ട ആക്‌ടിവ അരങ്ങുവാഴുന്ന സെഗ്മെന്റിൽ പല പ്രത്യേകതകൾകൊണ്ടും സ്വന്തമായൊരു ശൈലി കണ്ടെത്തിയ സ്‌കൂട്ടറാണിത്.
മാത്രമല്ല ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്കൂട്ടർ കൂടിയാണ് ജുപ്പിറ്റർ എന്നതും ശ്രദ്ധേയമാണ്. 110 സിസി സ്കൂട്ടർ വിഭാഗത്തിൽ ടിവിഎസിന്റെ വജ്രായുധം എന്നുതന്നെ ജുപ്പിറ്ററിനെ വിശേഷിപ്പിക്കുന്നതിലും തെറ്റൊന്നുമില്ല!
ഇന്ത്യൻ വിപണിയിൽ എത്തിയതിനുശേഷം ടിവിഎസ് മോട്ടോർ കമ്പനി ജൂപ്പിറ്ററിന്റെ 45 ലക്ഷത്തിലധികം യൂണിറ്റുകളാണ് നിരത്തിലെത്തിച്ചിരിക്കുന്നത്. മോഡലിന്റെ ജനപ്രീതി തെളിയിക്കാൻ ഈ കണക്കുകൾ തന്നെ ധാരാളം.
ജുപ്പിറ്റർ ബ്രാൻഡ് വിപുലീകരിക്കാനും കൂടുതൽ യുവ ഉപഭോക്താക്കളെ തേടിപിടിക്കുന്നതിനുമായി പുതിയൊരു 125 സിസി മോഡലിനെ കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് ടിവിഎസ്. പുതിയതും കൂടുതൽ പ്രീമിയം 125 സിസി സ്കൂട്ടറുകളുടെയും ആവശ്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിവേഗം വളരുകയാണ്.
അതിനാൽ തന്നെ ഈ സാധ്യത നഷ്‌ടപ്പെടുത്താൻ ടിവിഎസ് ഒട്ടും താത്പര്യപ്പെടുന്നില്ല എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പുതിയ ജൂപ്പിറ്റർ 125 പതിപ്പിന്റെ അവതരണമെന്ന് നിസംശയം പറയാം. ഇത് ഒരു വലിയ എഞ്ചിനുള്ള ഒരു ജുപ്പിറ്റർ മാത്രമാണോ അതോ അതിൽ കൂടുതൽ എന്തേലുമുണ്ടോ എന്നകാര്യം ഒന്നു പരിശോധിച്ചാലോ?
സ്‌കൂട്ടർ ഒരു പുതിയ ചാസിയെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. കൂടുതൽ അറിയാനായി ജുപ്പിറ്ററിന്റെ പുത്തൻ വേരിയന്റിന്റെ ഫസ്റ്റ് ഡ്രൈവ് റിവ്യൂ വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം.
എഞ്ചിൻ സവിശേഷതകൾ
പുതിയ 125 സിസി ഹൃദയമാണ് ടിവിഎസ് ജുപ്പിറ്റർ 125 അവതരിപ്പിച്ചിരിക്കുന്നത്. എയർ കൂൾഡ് 124.8 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റാണിത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ശേഷിയും എഞ്ചിന്റെ മൊത്തത്തിലുള്ള ലേഔട്ടും ടിവിഎസ് എൻടോർഖിന് സമാനമായി തുടരുന്നു.
എന്നിരുന്നാലും ഈ എഞ്ചിൻ പുതിയതാണെന്നും അത് തെളിയിക്കാൻ കുറച്ച് വ്യത്യാസങ്ങളുണ്ടെന്നും ടിവിഎസ് തറപ്പിച്ചുപറയുന്നുണ്ട്. അതായത് എൻടോർഖ് 3 വാൽവ് സജ്ജീകരണമാണ് ഉപയോഗിക്കുന്നത്. അതേസമയം പുതിയ ജൂപ്പിറ്റർ 125 2 വാൽവ് സംവിധാനമാണ് അവതരിപ്പിക്കുന്നത്. ഈ സ്കൂട്ടറിൽ, എഞ്ചിൻ 6,000 rpm-ൽ പരമാവധി 8.1 bhp കരുത്തും 10.5 Nm torque ഉം ആണ് വികസിപ്പിക്കുന്നത്.
ടോർഖ് കണക്കുകൾ സമാനമാണെങ്കിലും പുതിയ ജുപ്പിറ്റർ എൻടോർഖിനേക്കാൾ 1.1 bhp കുറവാണ് ഉത്പാദിപ്പിക്കുന്നത്. ഇതിന് ETFI, Intelli-Go ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് ടെക്നോളജി എന്നിവ ലഭിക്കുന്നുണ്ട് എന്നതും വളരെ മികച്ച കാര്യമാണ്. ഇതിനർഥം സ്റ്റാർട്ടർ മോട്ടോർ ഐഎസ്ജി ഉപയോഗിച്ച് മാറ്റിയെന്നാണ്.
ഈ എഞ്ചിനെ വളരെ ആധുനികവും പരിഷ്കൃതവുമാക്കുന്ന നിരവധി ആന്തരിക മാറ്റങ്ങൾ ഉണ്ടെന്നതും വസ്‌തുതയാണ്. ഭാരം കുറഞ്ഞ ക്രാങ്ക്ഷാഫ്റ്റ്, സൈലന്റ് ക്യാം ചെയിൻ, ലോ ഇനെർഷ്യ ക്രാങ്ക്ഷാഫ്റ്റ് അസംബ്ലി മുതലായവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ സ്കൂട്ടർ വിഭാഗത്തിലെ ഏറ്റവും സുഗമമായ എഞ്ചിനുകളിൽ ഒന്നാണെന്നും ടിവിഎസ് അവകാശപ്പെടുന്നു. കൂടാതെ മികച്ച കാര്യക്ഷമതയും ജുപ്പിറ്റർ 125 വാഗ്‌ദാനം ചെയ്യുമെന്നതും പ്രത്യേകതയാണ്.
ചാസി, ബ്രേക്ക്, സസ്പെൻഷൻ
ഭാരം കുറഞ്ഞതായി പറയപ്പെടുന്ന ഒരു പുതിയ ചാസിയെ അടിസ്ഥാനമാക്കിയാണ് പുതിയ ടിവിഎസ് ജൂപ്പിറ്റർ 125 അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഇത് മികച്ച ഹാൻഡിലിംഗിലേക്കും മികച്ച റൈഡ് ഗുണനിലവാരത്തിലേക്കും നയിക്കാൻ സഹായിച്ചിട്ടുമുണ്ട്.
മുന്നിൽ 220 mm ഡിസ്കും പിന്നിൽ 130 mm ഡ്രം യൂണിറ്റുമാണ് ബ്രേക്കിംഗ് ചുമതലകൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. ബ്രേക്കിംഗ് കഴിവ് വർധിപ്പിക്കുന്നതിനായി ഒരു കോമ്പി-ബ്രേക്ക് സിസ്റ്റവും ലഭിക്കും. സസ്‌പെൻഷനായി പിൻഭാഗത്ത് ഒരു മോണോഷോക്കും മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുമാണ് ഇടംപിടിച്ചിരിക്കുന്നത്.
റൈഡിംഗ് ഇംപ്രഷൻ
പുതിയ ടിവിഎസ് ജുപ്പിറ്റർ 125 പതിപ്പിലേക്ക് ഇരിക്കുമ്പോൾ തന്നെ മനസിലാകും എത്ര സുഖകരമാണ് ഈ സ്‌കൂട്ടർ എന്നുള്ളത്. സവാരി സുഖകരമാക്കാൻ മികച്ച എർഗണോമിക്‌സിനായി കമ്പനി ശരിക്കും പ്രവർത്തിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. അപ്റൈറ്റ് റൈഡിംഗ് പൊസിഷനാണ് മോഡലിൽ ഉള്ളത് എന്നതും സ്വാഗതാർഹമാണ്.
സ്കൂട്ടറിന്റെ ഫ്ലോർബോർഡിലെ അധിക സ്ഥലം ഈ സുഖകരമായ അനുഭവം വർധിപ്പിക്കുന്നുമുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും ദൈർഘ്യമേറിയതാണ് സീറ്റിംഗ് എന്നും അധിക സ്ഥലത്തെ തീർച്ചയായും അഭിനന്ദിക്കുന്നുവെന്നും ടിവിഎസ് അവകാശപ്പെടുന്നു.
സ്റ്റാർട്ടർ ബട്ടൺ അമർത്തുമ്പോൾ തന്നെ ജുപ്പിറ്റർ 125 എത്രമാത്രം പ്രീമിയം അനുഭവമാണ് നൽകുന്നതെന്നും മനസിലാക്കാം. ഇത് വളരെ നിശബ്ദമായ സ്റ്റാർട്ടിംഗാണ് പ്രതിദാനം ചെയ്യുന്നത്. ത്രോട്ടിൽ കൊടുമ്പോൾ മികച്ച ആക്‌സിലറേഷനും ജുപ്പിറ്റർ നൽകുന്നുണ്ട്. പവറും ടോർഖ് കണക്കുകളും വളരെ നേരത്തെ തന്നെയാണ് നൽകുന്നത്.
മാത്രമല്ല കുറഞ്ഞ വേഗതയിൽ വരെ മികച്ച സന്തുലിതമാണ് ഈ പുതിയ ജുപ്പിറ്റർ. സ്കൂട്ടർ ദൈനംദിന പ്രായോഗികതയിലും ഉപയോഗക്ഷമതയിലും മികവ് പുലർത്തുമെന്നതും വിപണിയിൽ എത്തുമ്പോൾ മേൻമയാകും. ഇനി ഹാൻഡിലിംഗിലേക്ക് നോക്കിയാൽ സൂപ്പർ ലോംഗ് ഹാൻഡിൽ നല്ല സപ്പോർട്ടാണ് നൽകുന്നത്.
സിറ്റി റൈഡിംഗിലും എളുപ്പത്തിൽ ദിശ മാറ്റാൻ ഹാൻഡിൽ ഏറെ സഹായകരമാകും. സസ്പെൻഷൻ സജ്ജീകരണവും ഹാൻഡിലിംഗിന് മികച്ച സന്തുലിതാവസ്ഥയാണ് നൽകുന്നത്. പെർഫോമൻസിന്റെ കാര്യത്തിലും ജുപ്പിറ്റർ 125 മികച്ചതാണ്. ആക്‌സിലറേഷൻ വേഗത്തിലാകുകയും സ്പീഡ് വളരെ കാര്യക്ഷമമായുമാണ് എത്തിപ്പിടിക്കുന്നത്.
75 കിലോമീറ്റർ/മണിക്കൂർ വളരെ വേഗത്തിൽ തന്നെയാണ് കൈവരിക്കുന്നത്. മാത്രമല്ല സ്കൂട്ടറിൽ പരമാവധി 90 കിലോമീറ്റർ വേഗത മറികടക്കാനും ടെസ്റ്റ് ഡ്രൈവിംഗിൽ സാധിച്ചു. ഇതുതന്നെയാണ് പുതിയ ജുപ്പിറ്ററിന്റെ പരമാവധി വേഗത. എന്നിരുന്നാലും ഇതിനായി അൽപം പരിശ്രമിക്കേണ്ടി വരുമെന്നതാണ് യാഥാർഥ്യം.
സവിശേഷതകൾ
ടിവിഎസ് ജൂപ്പിറ്റർ 125 പതിപ്പിൽ പുതിയ സവിശേഷതകളുടെ ഒരു നീണ്ട പട്ടിക തന്നെയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതിൽ മുൻവശത്ത് ഫ്യുവൽ ഫില്ലർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സവിശേഷത തീർച്ചയായും കൂടുതൽ സഹായകരമാകും. കൂടാതെ ഫ്യുവൽ ടാങ്ക് ഫ്ലോർബോർഡിന് കീഴിലായാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് സീറ്റിനടിയിൽ കൂടുതൽ ഇടം നൽകുകയും 33 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജിൽ രണ്ട് ഫുൾ ഫെയ്‌സ് ഹെൽമെറ്റുകൾ സൂക്ഷിക്കാനും കഴിയും.
ഒരു ഓൾ ഇൻ വൺ ലോക്ക്, മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി പോർട്ട്, മുന്നിൽ 2 ലിറ്റർ ഗ്ലോവ് ബോക്സ് എന്നിവയും സ്‌കൂട്ടറിൽ ലഭിക്കും. ഇത് ഉപയോഗ അനുഭവം കൂടുതൽ സൗകര്യപ്രദമാക്കുന്നു. ഹെഡ്‌ലാമ്പ് ഒരു എൽഇഡി യൂണിറ്റാണ്.
ടിവിഎസ് ജുപ്പിറ്റർ 125-ൽ ഇൻസ്ട്രുമെന്റേഷൻ കൈകാര്യം ചെയ്യുന്നത് ഡിജിറ്റൽ-അനലോഗ് ക്ലസ്റ്ററാണ്. സ്‌ക്രീനിന്റെ ഇടതുവശത്ത് സ്പീഡോമീറ്ററും വലതുവശത്ത് നീല ബാക്ക്‌ലൈറ്റ് ഉള്ള എൽസിഡി സ്‌ക്രീനും ഉണ്ട്. ഓഡോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, ശരാശരി ഇന്ധനക്ഷമത, ലൈവ് മൈലേജ്, ഡിസ്റ്റൻസ് ടു എംറ്റി മുതലായ നിരവധി വിവരങ്ങൾ എൽസിഡി പ്രദർശിപ്പിക്കുന്നു.
ഈ സ്കൂട്ടർ പ്രീമിയം 125 സിസി സെഗ്മെന്റിൽ മത്സരിക്കുമെന്നതിനാൽ ഈ വലിയ സ്ക്രീൻ തീർച്ചയായും മികച്ചതായിരിക്കും. എന്നിരുന്നാലും കണക്റ്റഡ് സാങ്കേതികവിദ്യയുമായി വരും മാസങ്ങളിൽ ബ്രാൻഡ് സ്കൂട്ടറിന്റെ പുതിയ വകഭേദം പുറത്തിറക്കുമെന്നും ടിവിഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് പൂർണ ഡിജിറ്റൽ ഉപകരണങ്ങളുമായാകും വിപണിയിൽ എത്തുക
ഡിസൈനും സ്റ്റൈലിംഗും
ഡിസൈനിന്റെയും ശൈലിയുടെയും കാര്യത്തിൽ ജുപ്പിറ്റർ 110 വേരിയന്റിനെ അപേക്ഷിച്ച് വളരെ കുറച്ച് മാറ്റങ്ങളുമായാണ് പുതിയ മോഡൽ ഒരുങ്ങിയിരിക്കുന്നത്. 125 സിസി മോഡൽ പ്രീമിയമായിരിക്കുമ്പോൾ തീർച്ചയായും കൂടുതൽ ആധുനികവും യുവത്വവും രൂപത്തിൽ കാണാനാകും. എന്നിരുന്നാലും രൂപഘടന 110 പതിപ്പിന് സമാനമാണ്.
സ്‌കൂട്ടറിൽ നിരവധി ക്രോം ഘടകങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഇത് ജുപ്പിറ്റർ 110 മോഡലിന് മുകളിൽ പ്രീമിയം അനുഭവം നൽകുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡാഷ്‌ബോർഡും മുൻ ആപ്രോണിന്റെ പകുതിയും ബോഡിയുടെ അതേ നിറത്തിൽ തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത്.
ആംഗിൾ സ്‌പോക്കുകളുള്ള ഡ്യുവൽ-ടോൺ അലോയ് വീലുകൾ വളരെ മനോഹരമാണ്. അതുപോലെ തന്നെ പുനർരൂപകൽപ്പന ചെയ്ത പിൻഭാഗവും മികച്ചതാണ്. ഗ്രാബ് റെയിലിൽ സ്ഥാപിച്ചിരിക്കുന്ന റിഫ്ലക്ടർ സ്കൂട്ടറിനെ കൂടുതൽ സ്റ്റൈലിഷ് ആക്കാനും സഹായിച്ചിട്ടുണ്ട്.
എൻടോർഖ് 125 പെർഫോമൻസ് അടിസ്ഥാനമാക്കിയുള്ള ഉപഭോക്താക്കളെ ആകർഷിക്കുമ്പോൾ പുതിയ ജുപ്പിറ്റർ 125 ഒരു പ്രീമിയം 125 സിസി കമ്മ്യൂട്ടർ സ്കൂട്ടർ തിരയുന്ന കുടുംബ-അധിഷ്ഠിത അധിഷ്ഠിത ഉപഭോക്താക്കളെയാണ് ഉന്നംവെക്കുന്നത്.
Post a Comment